തെലങ്കാനയില്‍ ബസില്‍ യാത്ര ചെയ്ത പൂവന്‍കോഴിക്ക് ടിക്കറ്റ് നിരക്ക് ഈടാക്കി കണ്ടക്ടര്‍.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസിലാണ് മുഹമ്മദ് അലി എന്ന യാത്രക്കാരന് ഒരു പൂവന്‍കോഴിയെയും കൊണ്ട് യാത്ര ചെയ്തത്.
ജീവനുള്ള എന്തിനും ബസില്‍ യാത്ര ചെയ്യണമെങ്കില്‍ ടിക്കറ്റ് എടുക്കണമെന്നായിരുന്നു കണ്ടക്ടറുടെ വാദം.’ടിക്കറ്റ് എടുക്കാതെ പൊതുഗതാഗതം ഉപയോഗിച്ചുള്ള യാത്രകള്‍ ഏത് രാജ്യത്തായാലും ശിക്ഷാര്‍ഹമാണ്. അത് ഇനി കോഴിയായാലും, മനുഷ്യനായാലും അങ്ങനെ തന്നെയാണ്,’എന്നാണ് ബസ് കണ്ടക്ടര്‍ പറഞ്ഞത്.
പെടപ്പള്ളിയില്‍ നിന്ന് കയറിയ മുഹമ്മദ് അലി കരിംനഗറിലേക്കുള്ള യാത്രയിലായിരുന്നു. ഒരു തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പൂവന്‍കോഴി. ഇതിനാല്‍ ആദ്യം കോഴിയെ കണ്ടക്ടര്‍ കണ്ടില്ല. എന്നാല്‍ യാത്രാ മധ്യേ കോഴിയെ കണ്ടപ്പോള്‍ കണ്ടക്ടര്‍ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.
ബസിലുള്ള ജീവനുള്ളതിനെല്ലാം ടിക്കറ്റെടുക്കണമെന്ന് പറഞ്ഞ കണ്ടക്ടര്‍ 30 രൂപ മുഹമ്മദ് അലിയില്‍ നിന്നും ഈടാക്കുകയായിരുന്നു. കോഴിക്ക് ടിക്കറ്റെടുക്കാന്‍ പറ്റില്ലെന്ന് മുഹമ്മദ് അലി പറഞ്ഞെങ്കിലും കണ്ടക്ടര്‍ വിസമ്മതിക്കുകയായിരുന്നു.