കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകര്‍ക്കും അതിരൂപതയിലെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് കോവിഡ് ടാസ്ക് ഫോഴ്സ് മെമ്പേഴ്സിനുമായി പേഴ്സണല്‍ പ്രൊട്ടക്റ്റിവ് എക്യുപ്മെന്റ് കിറ്റുകളും സാനിറ്റൈസറും ലഭ്യമാക്കി. ജര്‍മനിയിലുള്ള ചര്‍ച്ച് ഇന്‍ നീഡ് എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ലഭ്യമാക്കുന്ന പ്രതിരോധ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന് നിര്‍വ്വഹിച്ചു.
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന് ജോസ് പാറയില്‍, വൈസ് പ്രസിഡന്റ് ജെറിന് ജോയി പാറാണിയില്‍ എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോവിഡ് ബാധിച്ച് മരണമടയുന്ന ആളുകളുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്കും കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്കായുള്ള വിവിധങ്ങളായ കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് ടാസ്ക് ഫോഴ്സ് മെമ്പേഴ്സിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമായി പി.പി.ഇ കിറ്റുകളും സാനിറ്റൈസറും കെ.എസ്.എസ്.എസ് ലഭ്യമാക്കിയത്.