ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ മലിന ജലത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. മറ്റു നഗരങ്ങളിലോ രാജ്യങ്ങളിലോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത നിഗൂഢമായ വകഭേദത്തെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ന്യൂയോർക്ക് നഗരത്തിൽ നിന്ന് കോവിഡ് വൈറസിന്റെ സാമ്പിൾ ശേഖരിച്ച ഒരു സംഘം ഗവേഷകരാണ് പ്രത്യേക വകഭേദം കണ്ടെത്തിയത്. സവിശേഷമായ പരിവർത്തനം സംഭവിച്ച വൈറസ് സാമ്പിളുകളാണ് ഗവേഷകർക്ക് ലഭിച്ചത്. മറ്റെവിടെയും ഈ ഇനം കോവിഡ് വൈറസിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മനുഷ്യർക്ക് ഈ വൈറസ് ദോഷമാകുമോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചില്ലെന്നും നേച്ചർ കമ്യൂണിക്കേഷൻസിൽ പ്രസിദ്ദീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗരത്തിലെ മലിന ജലത്തിൽ വളരുന്ന ‘നിഗൂഢ വംശങ്ങൾ’ എന്നാണ് ഈ വൈറസുകളെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. മനുഷരിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കിയെന്നും ക്വീൻസ്ബറോ കമ്മ്യൂണിറ്റി കോളജിലെ മൈക്രോബയോളജിസ്റ്റും ഗവേഷകയുമായ മോണിക്ക ട്രുജില്ലോ പറഞ്ഞു.