ദോഹ: ഈ വര്‍ഷത്തെ ഖത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവലിനൊരുങ്ങി ഖത്തര്‍.
2022 ഫെബ്രുവരി 2 മുതല്‍ 6 വരെയാണ് ഈ ലോകോത്തര കുതിരോത്സവം അരങ്ങേറുന്നത്. ഖത്തര്‍ അമീറിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഖത്തര്‍ റേസിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ്ബിന്റെയും ഖത്തര്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്റെയും പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
വിവിധ പ്രാദേശിക, അന്തര്‍ദേശീയ പ്ലാറ്റ്ഫോമുകളിലായി മുന്തിയ ഇനം അറേബ്യന്‍ കുതിരകളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയുടെ ലക്ഷ്യമെന്ന് ഖത്താറ സംഘാടകര്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ മുന്തിയ ഇനം കുതിരകളുടെ ശേഖരം വളരെ അഭിമാനത്തോടെയാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശിപ്പിക്കുന്ന കുതിരകളുടെ ഇനത്തെയും അതിന്റെ സവിശേഷതകളെയും ആശ്രയിച്ച് അവയുടെ വില എളുപ്പത്തില്‍ കുതിച്ചുകയറി ഒരു ദശലക്ഷം ഡോളറില്‍ വരെ എത്തും.
ഫെബ്രുവരി 3 മുതല്‍ 5 വരെ മാജിസ്റ്റിക് അറേബ്യന്‍ പെനിന്‍സുല ഹോഴ്സ് ഷോ, ഫെബ്രുവരി 7 ന് അറേബ്യന്‍ കുതിര ലേലം, ടൈറ്റില്‍ ഷോ എന്നിവ ഉള്‍പ്പെടെ എല്ലാ കാഴ്ചക്കാര്‍ക്കും വെത്യസ്ത അനുഭവം വാഗ്ദാനം ചെയ്യുന്ന വിവിധ പ്രോഗ്രാമുകള്‍ മേളയില്‍ നടക്കുന്നുണ്ട്.
ഒരു വയസ്സ്: ഒന്നാം സ്ഥാനത്തിന് 250,000 ഖത്തര്‍ റിയാല്‍, രണ്ടാം സ്ഥാനത്തിന് 150,000 ഖത്തര്‍ റിയാല്‍, മൂന്നാം സ്ഥാനത്തിന് 100,000 ഖത്തര്‍ റിയാല്‍ എന്നിങ്ങനെയാണ് സമ്മാനത്തുക.
ജൂനിയര്‍ (2 മുതല്‍ 3 വയസ്സ് വരെ): ഒന്നാം സ്ഥാനത്തിന് 800,000 ഖത്തര്‍ റിയാല്‍, രണ്ടാം സ്ഥാനത്തിന് 430,000 ഖത്തര്‍ റിയാല്‍, മൂന്നാം സ്ഥാനത്തിന് 250,000 ഖത്തര്‍ റിയാല്‍.
സീനിയര്‍ (4 വയസ്സും അതിനുമുകളിലും): ഒന്നാം സ്ഥാനത്തിന് 1,000,000 ഖത്തര്‍ റിയാല്‍, രണ്ടാം സ്ഥാനത്തിന് 600,000 ഖത്തര്‍ റിയാല്‍, മൂന്നാം സ്ഥാനത്തിന് 300,000 ഖത്തര്‍ റിയാല്‍.
മത്സരാര്‍ത്ഥികളെ ഒമ്ബത് പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് 11 ജഡ്ജിമാരുടെ പാനല്‍ മത്സരങ്ങള്‍ വിലയിരുത്തും. ഇനം, തലയെടുപ്പും കഴുത്തിന്റെ സവിശേഷതകളും, ആകാരം, കാലുകള്‍, ചലനം എന്നിവയുള്‍പ്പെടെ അഞ്ച് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മത്സരഫലം നിശ്ചയിക്കുന്നത്.
കൂടാതെ, കുതിരകളുടെ ഉടമകള്‍ക്കും ബ്രീഡര്‍മാര്‍ക്കും കുതിരകളെ ഇഷ്ടപ്പെടുന്നവര്‍ക്കും മുന്തിയ ഇനം അറേബ്യന്‍ കുതിരകളെ വാങ്ങാനും വില്ക്കാനുമുള്ള അവസരമൊരുക്കാനാണ് കുതിരലേലവും സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ മാത്രമാണ് രജിസ്ട്രേഷന് നടപടികള്‍ ഉണ്ടായിരിക്കുകയെന്ന് ഖത്താറ സംഘാടകര്‍ അറിയിച്ചു.