ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സഞ്ചരിക്കാനായി മെഴ്സിഡസിന്റെ പുത്തൻ വാഹനമായ മെഴ്സിഡസ് – മെയ്ബാഷ് എസ് 650. കഴിഞ്ഞ തവണ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഇന്ത്യ സന്ദർശനത്തിന് എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ മോദി എത്തിയത് പുതിയ കാറിലായിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന റേഞ്ച് റോവർ വോഗ്, ടൊയോട്ട ലാൻഡ് ക്രൂയ്സർ എന്നീ വാഹനങ്ങൾക്ക് പകരമായാണ് മെഴ്സിഡസിന്റെ പുത്തൻ മോഡലുകൾ എത്തുന്നത്. വി ആർ1- ലെവൽ സുരക്ഷിതത്വമാണ് ഈ വാഹനം നൽകുന്നത്.
12 കോടി രൂപയാണ് ഒരു മെഴ്സിഡസ് – മെയ്ബാഷ് എസ് 650 കാറിന്റെ വില. ഇത്തരത്തിലുള്ള രണ്ട് കാറുകളാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി വാങ്ങുന്നത്. മൊത്തം 24 കോടിയാണ് ഇരു വാഹനങ്ങൾക്കുമായി സർക്കാർ ചെലവാക്കുന്ന തുക.
വമ്പൻ സുരക്ഷാ സജ്ജീകരണങ്ങളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. എകെ 47 തോക്കുകളിൽ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാൻ സാധിക്കുന്ന ചില്ലുകളും രണ്ട് മീറ്റർ ചുറ്റളവിൽ 15 കിലോ ടി എൻ ടി സ്ഫോടനത്തെ വരെ പ്രതിരോധിക്കാൻ സാധിക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഈ കാറിനുള്ളത്. ചില്ലുകളിൽ പോളികാർബണേറ്റ് കൊണ്ടുള്ള കോട്ടിംഗും വാഹനത്തിൻ്റെ അടിവശത്ത് കനത്ത സ്ഫോടനത്തെ വരെ ചെറുക്കാൻ പാകത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാതകം ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകുന്നപക്ഷം യാത്രക്കാരെ സുരക്ഷിതരാക്കുന്നതിന് വേണ്ടി വാഹനത്തിനുള്ളിൽ പ്രത്യേകമായി വായു സഞ്ചാരത്തിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ടയറുകൾ പഞ്ചറാകുകയോ മറ്റോ ചെയ്താലും പേടിക്കേണ്ടതില്ല. ടയറിന്റെ വായുമർദ്ദം കുറഞ്ഞാലും ഓടാൻ സാധിക്കുന്ന രീതിയിൽ പ്രത്യേകം നിർമിച്ച ടയറുകളാണ് വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ളത്.