ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളം മേൽനോട്ട സമിതിയുമായി നടത്തിയ ആശയ വിനിമയങ്ങൾ കോടതിയുടെ മുന്നിലെത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം മേൽനോട്ട സമിതി പൂർണമായും ഉൾകൊള്ളുന്നില്ലെന്ന് കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറിൽ അണ്ടർ വാട്ടർ ഫോട്ടോഗ്രാഫി നടത്തുന്നതിനും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പഠനം നടത്തുന്നതിനുമായി കോടതിയെ സമീപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഇരു സംസ്ഥാനങ്ങളെയും രൂക്ഷമായി വിമർശിച്ച് കോടതി രംഗത്തെത്തിയിരുന്നു.മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളവും തമിഴ്നാടും രാഷ്ട്രീയപ്പോര് അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. വെള്ളം തുറന്ന് വിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീം കോടതി തള്ളിയിരുന്നു. ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് മേൽനോട്ട സമിതിയാണെന്നാണ് കോടതി വ്യക്തമാക്കിയത്.