തിരുവനന്തപുരം: ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സീമ ശ്രീകുമാർ സംവിധാനം നിർവഹിച്ച ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് വിജയ് ആരാധകർ. ഡിസംബർ 10ന് തീയ്യറ്റർ റിലീസായി പ്രേക്ഷരിലേക്ക് എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സീമ ശ്രീകുമാർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. വിജയ് മക്കൾ ഇയക്കത്തിന്റെ കാനഡ വിങ്ങിന്റെ പ്രസിഡന്റ് കൂടിയായ സീമയുടെ മലയാള സിനിമയിലേക്കുള്ള ചുവടുവെയ്പ്പ് ആഘോഷമാക്കുകയാണ് ഇളയദളപതി ഫാൻസ്.
80 ശതമാനത്തോളം കാനഡയിൽ തന്നെ നിർമ്മാണം പൂർത്തിയാക്കിയ ആദ്യത്തെ മലയാള സിനിമയായ ഒരു കാനേഡിയൻ ഡയറിയിൽ -25°സി താപനിലയിൽ പോലും ചിത്രീകരിച്ചിട്ടുള്ള രംഗങ്ങളുമുണ്ട്. ചിത്രത്തിൽ പോൾ പൗലോസ്, സിമ്രാൻ, പൂജ മരിയ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാനഡയുടെ ദൃശ്യഭംഗി ചോർന്നു പോകാതെ ഒരു റൊമാന്റിക് സൈക്കോ ത്രില്ലർ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്.
ചിത്രത്തിന്റെ റീലീസിനോട് അനുബന്ധിച്ചു നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളാണ് വിജയ് ആരാധകർ ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വിജയ് ഫാൻസ് കൂട്ടായ്മ നേരത്തെ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സീമ ശ്രീകുമാറും പങ്കാളിയായിരുന്നു. കടുത്ത വിജയ് ആരാധികയായ സീമ ശ്രീകുമാറിന് എല്ലാവിധ പിന്തുണയുമായി ഒപ്പം നിൽക്കുകയാണ് ഇവർ. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.