ബംഗളൂരു: ഭാര്യയുടെ അമിതവൃത്തിയിൽ വിവാഹമോചനം തേടി സോഫ്റ്റ്വെയർ എഞ്ചിനീയർ. ഭാര്യക്ക് ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) ഉണ്ടെന്നും കൊവിഡ് കാലത്ത് വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ലാപ്ടോപ്പും സെൽഫോണും സോപ്പ് ഉപയോഗിച്ച് കഴുകിയെന്നും യുവാവ് ആരോപിച്ചു. അമ്മ മരിച്ചതിനെ തുടർന്ന് ശുചീകരണത്തിനെന്ന പേരിൽ തന്നെയും മക്കളെയും ഒരു മാസത്തോളം വീട്ടിൽ നിന്ന് പുറത്താക്കിയതായി യുവാവ് ആരോപിച്ചു. ഭാര്യയുടെ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമാണെന്ന് കാണിച്ചാണ് യുവാവ് പോലീസിനെ സമീപിച്ചത്. മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതോടെ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി.
2009 ലാണ് ഇരുവരും വിവാഹിതരായത്.വിവാഹത്തിന് ശേഷം ലണ്ടനിലായിരുന്നു താമസം. പ്രമുഖ ഐടി കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. എംബിഎ ബിരുദധാരിയായ ഭാര്യ ജോലിക്ക് പോയിരുന്നില്ല. രണ്ട് വർഷത്തിന് ശേഷം ആദ്യത്തെ കുട്ടിയുടെ ജനനം മുതൽ ഭാര്യയുടെ സ്വഭാവം മാറി. ഭാര്യയ്ക്ക് ഒസിഡി രോഗമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ഭര്‍ത്താവ് പറഞ്ഞു. പിന്നീട് നാട്ടിലെത്തി ഫാമിലി കൗണ്‍സിലിങ്ങിന് വിധേയമായി. തുടര്‍ന്ന് പഴയപോലെ തന്നെയായിരുന്നു. അതിനിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇതോടെ വീണ്ടും കുടുംബബന്ധം വഷളായെന്നും യുവാവ് പറയുന്നു. ഭാര്യയുടെ ഒസിഡി രോഗം കൂടി.
കൊവിഡ് പകർച്ചവ്യാധി പടരാൻ തുടങ്ങിയതോടെ കുടുംബബന്ധം വഷളായതായി ഭർത്താവ് പറയുന്നു. ഈ സമയം ഭാര്യക്ക് ഗുരുതര രോഗം പിടിപെട്ടു. വീട്ടുപകരണങ്ങളെല്ലാം കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കി. ഭാര്യ ദിവസവും ആറ് നേരം കുളിക്കും. ബാത്ത് സോപ്പ് വൃത്തിയാക്കാൻ മാത്രം മറ്റൊരു സോപ്പ് സൂക്ഷിച്ചു. വസ്ത്രങ്ങളും ബാഗുകളും ഷൂസും വൃത്തിയാക്കാൻ കുട്ടികളോട് പറയാൻ തുടങ്ങിയതോടെയാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് യുവാവ് പറഞ്ഞു.
തന്റെ പെരുമാറ്റത്തിൽ തെറ്റൊന്നുമില്ലെന്നാണ് ഭാര്യ പറയുന്നത്. വിവാഹമോചനത്തിനായി യുവാവ് കള്ളം പറയുകയാണെന്ന് 35 കാരിയായ യുവതി ആരോപിച്ചു. ബെംഗളൂരുവിലെ ആർടി നഗറിലാണ് ഇവർ താമസിക്കുന്നത്.