വാഷിംഗ്ടൺ: മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിൽ വെടിവയ്പ്പ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. പതിനഞ്ചുകാരനാണ് വെടിയുതിർത്തത്. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്ന് കൈത്തോക്കും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഓക്സ്ഫോർഡ് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. ടേറ്റ് മൈർ (16), ഹന സെന്റ് ജൂലിയാന (14), മാഡിസിൻ ബാൾഡ്വിൻ (17) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ എട്ട് പേരിൽ ഏഴ് വിദ്യാർത്ഥികളും ഒരു അധ്യാപകനും ആണ് ഉള്ളത്. പ്രതിയെ ജുവനൈൽ തടങ്കൽ കേന്ദ്രമായ ഓക്ലാൻഡ് കൗണ്ടി ചിൽഡ്രൻസ് വില്ലേജിൽ പാർപ്പിച്ചിരിക്കുകയാണ്.
ഡെട്രോയിറ്റിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ഓക്സ്ഫോർഡ് പട്ടണത്തിലെ ഹൈസ്കൂളിൽ നിന്ന് പ്രാദേശിക സമയം 12:51 ന് ആണ് പോലീസിന് ആദ്യത്തെ അടിയന്തര കോൾ ലഭിച്ചത്. മിനിറ്റുകൾക്കുള്ളിൽ നൂറിലധികം കോളുകൾ എമർജൻസി സർവീസുകളിലേക്ക് വന്നു. അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് സംഭവ സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ വെടിവയ്പ്പിലേക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്കൂളിലെ വിദ്യാർത്ഥിയായ ഇയാൾ വെള്ളിയാഴ്ച പിതാവ് വാങ്ങിയ കൈത്തോക്ക് ഉപയോഗിച്ചതായി പോലീസ് ആരോപിച്ചു. 15 മുതൽ 20 തവണ പ്രതി വെടിയുതിർത്തതായാണ് റിപ്പോർട്ട്.