ചെന്നൈ: തമിഴ് ചിത്രം ജയ് ഭീം ഒരു സമുദായത്തിനും എതിരല്ലെന്ന് സംവിധായകൻ ടി ജെ ജ്ഞാനവേൽ. സിനിമയിലൂടെ ഒരു സമുദായത്തെയും അപമാനിക്കാൻ താൻ ഉദ്ദേശിച്ചില്ലെന്ന് തമിഴിൽ എഴുതി പുറത്തിറക്കിയ പ്രസ്താവനയിൽ ജ്ഞാനവേൽ പറഞ്ഞു. വിവാദത്തിന്റെ പേരിൽ നടൻ സൂര്യയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സംഭവം ആരുടെയെങ്കിലും മനോവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി.
ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കാണിക്കുന്ന കലണ്ടർ വണ്ണിയാർ സമുദായത്തെ അപമാനിക്കാൻ വേണ്ടി ഉൾപ്പെടുത്തിയതാണ് എന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെക്കുകയും നടൻ സൂര്യയ്ക്ക് നേരെ ആളുകൾ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സംവിധായകൻ രംഗത്തെത്തിയത്.
ഒരു സമുദായത്തെയും അപമാനിക്കാൻ വേണ്ടിയല്ല മറിച്ച് സംഭവം നടക്കുന്ന വർഷം കാണിക്കാൻ വേണ്ടിയാണ് കലണ്ടർ തൂക്കിയത്. ചിത്രം പുറത്തിറക്കുന്നതിന് മുൻപ് ഇത്തരത്തിലൊരു സംഭവം ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. സംവിധായകനെന്ന നിലയിൽ ഉത്തരവാദിത്വം തനിക്കാണ്. എന്നാൽ എല്ലാ പ്രശ്നങ്ങളും നേരിട്ടത് നടനും നിർമ്മാതാവുമായ സൂര്യയാണ്. ഈ വിവാദത്തിലേക്ക് സൂര്യയെ വലിച്ചിഴക്കുന്നത് ശരിയല്ല.
നടനെന്ന നിലയിൽ ഗോത്രവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുകയാണ് അദ്ദേഹം ചെയ്തത്. സംഭവിച്ചതിനെല്ലാം ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു. ജയ്ഭീം ഒരു സമുദായത്തേയും അപമാനിക്കാൻ ഉദ്ദശിച്ചിട്ടില്ലെന്നും ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.