ബാള്‍ട്ടിമോര്‍: കുട്ടികളുടെ കസ്റ്റഡി തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു കുട്ടികളെയും തട്ടിയെടുത്ത് കടന്നുകളഞ്ഞ പിതാവായ മുന്‍ മേരിലാന്റ് പോലീസ് ഓഫീസറുടെയും മറ്റൊരു വനിതാ പോലീസ് ഓഫീസറുടെയും മൃതദേഹങ്ങള്‍ കാറില്‍ നിന്നും കണ്ടെത്തി .
റോബര്‍ട്ട് വികോസ് (41) മുന്‍ മേരിലാന്റ് പോലീസ് ഓഫീസര്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും കുട്ടികളുമായി വീട്ടിലെത്തിയ ഇവരെ ഭീഷണിപ്പെടുത്തി തോക്ക് ചൂണ്ടി രണ്ടു കുട്ടികളെയും കൂട്ടി സ്ഥലം വിടുകയായിരുന്നു . വികോസയുടെ സഹായത്തിന് റ്റിയാ ബൈനം (ബാള്‍ട്ടിമോര്‍ കൗണ്ടി പോലീസ് സര്‍ജന്റ്) ഒപ്പം ഉണ്ടായിരുന്നു .
ഈ രണ്ടു പോലീസ് ഓഫീസര്‍മാരും അച്ചടക്കനടപടിക്ക് വിധേയരാകുകയും പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരും ആയിരുന്നു . കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം ഇവര്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുകയും ചെയ്തിരുന്നു .
ഞായറാഴ്ച രക്ഷപ്പെട്ട രണ്ടു പോലീസ് ഓഫീസര്‍മാരും കുട്ടികളും പല സ്ഥലങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ വെസ്റ്റേണ്‍ മേരിലാന്റില്‍ വച്ച് വ്യാഴാഴ്ച പോലീസിന്റെ മുന്നില്‍ അകപ്പെട്ടു . പോലീസ് ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും കുട്ടികളെ അപായപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു ഫോണിലൂടെ സന്ദേശം നല്‍കിയിട്ടും ഇവര്‍ അതിവേഗം വാഹനം ഓടിച്ച് വാഹനം നിയന്ത്രണത്തെ വിട്ട് അപകടത്തില്‍ പെടുകയും ചെയ്തു . പോലീസ് എത്തി വാഹനം പരിശോധിച്ചപ്പോള്‍ കാര്‍ സീറ്റില്‍ ഉണ്ടായിരുന്ന വനിതാ പോലീസ് ഓഫീസറും പിന് സീറ്റിലിരുന്ന റോബര്‍ട്ടും രണ്ടു കുട്ടികളും വെടിയേറ്റ നിലയിലായിരുന്നു . ആറും ഏഴും വയസ്സ് പ്രായമുള്ള കുട്ടികളില്‍ ഒരാളൊഴികെ എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു . ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല . കുട്ടികളുടെ മാതാവ് നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് സംഭവം അറിഞ്ഞതും അന്വേഷണം ആരംഭിച്ചതും.