കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെയാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന് നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മകുടോദാഹരണമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നാനാജാതി മതസ്ഥരായ ആളുകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന് ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സഹായം അര്‍ഹിക്കുന്ന ജനവിഭാഗത്തെ കണ്ടെത്തി കരുതല്‍ ഒരുക്കി സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുവാന്‍ കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തോമസ് ചാഴികാടന് എം.പി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു.
വീല്‍ചെയറുകള്‍, സി.പി ചെയറുകള്‍, കോമോഡ് ചെയറുകള്‍, വാക്കറുകള്‍, ക്നീപ്പാടുകള് തുടങ്ങിയ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.