ഇന്ത്യൻ ടി-20 ടീമിൽ മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റോളിനു മാറ്റമില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇത്ര നാളും കോലി ടീമിൽ ചെയ്തിരുന്ന കാര്യങ്ങൾ തുടരുമെന്നും രോഹിത് പറഞ്ഞു. നാളെ ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടു. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളെയും ഫ്രഷ് ആയി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. “ജോലിഭാരം കുറയ്ക്കേണ്ടത് ക്രിക്കറ്റിൽ അത്യാവശ്യമാണ്. നമ്മൾ അത് ഫുട്ബോളിലും കാണുന്നുണ്ട്. കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യമാവണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്തുലിതമായ രീതിയിലാവണം കളി. വലിയ ടൂർണമെൻ്റുകളിൽ താരങ്ങൾ ഫിറ്റ് ആയിരിക്കുന്ന നില ഉണ്ടാവണം. ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളും ഫ്രഷ് ആയിരിക്കണം. അത് വളരെ ലളിതമാണ്. കളിക്കുന്ന എല്ലാ പരമ്പരയും നിരീക്ഷിക്കേണ്ടതുണ്ട്.”- ദ്രാവിഡ് പറഞ്ഞു.
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് നാളെ തുടക്കമാവും. നാളെ രാത്രി ഏഴ് മണിക്ക് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. നവംബർ 19ന് റാഞ്ചി ജെഎസ്സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടാം മത്സരവും 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്നാം മത്സരവും നടക്കും.
രാഹുൽ ദ്രാവിഡ് പരിശീലകനും രോഹിത് ശർമ്മ ക്യാപ്റ്റനുമായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. മുൻപ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ രോഹിത് ഇന്ത്യയെ നയിച്ചിരുന്നെങ്കിലും സ്റ്റാൻഡ് അപ്പ് ക്യാപ്റ്റൻ്റെ ചുമതലയാണ് രോഹിതിനുണ്ടായിരുന്നത്. എന്നാൽ, ഈ പരമ്പര മുതൽ രോഹിത് ഇന്ത്യൻ ടീമിൻ്റെ മുഴുനീള ടി-20 ക്യാപ്റ്റനാവും.
ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിൻ്റെ ആഘാതത്തിലാണ് കിവീസ് ടീം ഇന്ത്യയിലെത്തിയത്. ഈ തോൽവി ന്യൂസീലൻഡിനു കനത്ത തിരിച്ചടി ആകുമെന്നുറപ്പ്. ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന 9 താരങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ ഇന്ത്യയിലെത്തിയിരുന്നു.