നേമം: ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്നംഗസംഘത്തെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു.ഒന്നാംപ്രതി ചെറുകോട് എല്‍.പി സ്കൂളിന് സമീപം അജീഷ് ഭവനില്‍ ഐ. ആന്റണി (47), രണ്ടാംപ്രതി കാരോട് കരുമത്തിന്‍മൂട് ബിനു ഭവനില്‍ എ. ഭാസ്കരന് (60), മൂന്നാംപ്രതി പെരുകുളം ഉറിയാക്കോട് കൈതോട് മേക്കിന്‍കര പുത്തന്‍ വീട്ടില്‍ സി. ശശി (55) എന്നിവരാണ് പിടിയിലായത്.
ഭിന്നശേഷിക്കാരിയായ 34 വയസ്സുകാരിയെ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായാണ് പരാതി. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച യുവതി വിളപ്പില്‍ശാല ഗവ. ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് ആശുപത്രി അധികൃതരുടെ കൗണ്‍സലിങ്ങിനിടെ പീഡനവിവരം പുറത്തറിയുന്നത്.ആശാ വര്‍ക്കറുടെ സഹായത്തോടെ വ്യാഴാഴ്ച യുവതി തൈക്കാട് ആശുപത്രിയില്‍ തുടര്‍ചികിത്സ തേടി.
തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാട്ടാക്കട ഡിവൈ.എസ്.പി പി.എസ്. പ്രശാന്തിന്റെ നിര്‍ദേശപ്രകാരം വിളപ്പില്‍ശാല സി.ഐ എന്‍. സുരേഷ് കുമാര്‍, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആര്.വി ബൈജു, സി.പി.ഒമാരായ സുബിന്‍സണ്‍, അരുണ്‍, പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം മെഡിക്കല്‍ കോളജ്, മുളയറ കട്ടയ്ക്കോട് ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.