മനാമ. ബഹറൈനിൽ നീണ്ട 13 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ടു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലിന് ജില്ലാ കമ്മിറ്റി യാത്രയപ്പ് സംഗമം നവംബർ 12 ന് വെള്ളിയാഴ്ച്ച രാത്രി 7.30 ന് മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
13 വർഷക്കാലം ഒരേ സ്ഥാപനത്തിൽ മിന സൽമാനിലെ ഹസ്സൻ ഹബീബ് & സൺസ് കമ്പനി ഗ്രൂപ്പിന്റെ ഹോൾ സെയിൽ ഡിവിഷനിൽ ഡെലിവറി ഇൻചാർജ് ആയി ജോലി ചെയ്തിരുന്ന റിയാസ് സാധാരണ പ്രവർത്തകനായി കെഎംസിസി യിൽ വരികയും, തന്റെ പ്രവർത്തന മികവ് കൊണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായും, നിലവിലെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും നേതൃനിരയിൽ എത്തിപ്പെടുകയായിരുന്നു.
ചെറിയ കാലയളവിൽ കെഎംസിസി പ്രവർത്തനത്തിൽ പൂർണ്ണ പങ്കാളി ആകുകയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയുമായിരുന്നു റിയാസ്.ബഹ്റൈനിലെ സാമൂഹിക -സാംസ്കാരിക ജീവ കാരുണ്യമേഖലയിലൊ ക്കെയും തന്റെ ജോലി കഴിഞ്ഞുള്ള മുഴുവൻ സമയവും അദ്ദേഹത്തിന്റെ നിറ സാന്നിധ്യം കാണാം.
ബഹ്റൈൻ കെഎംസിസി ക്ക് കീഴിലുള്ള സി എച്ച് സെന്ററിന്റെ നിലവിലെ ഉപാധ്യക്ഷൻ കൂടിയാണ് റിയാസ് വെള്ളച്ചാൽ.ബഹ്റൈനിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിട വാങ്ങൽ മലപ്പുറം ജില്ലാ കെഎംസിസി യെ സംബന്ധിച്ചിടത്തോളം ഒരു തീരാനഷ്ടം തന്നെയാണ്.
പ്രസ്തുത പരിപാടിയിൽ കെഎംസിസി സംസ്ഥാന-ജില്ലാ ഭാരവാഹികൾ, മറ്റു സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്നതാണെന്നും ഏവരെയും പരിപാടിയിലേക്ക് സഹർഷം സവിനയം സ്വാഗതം ചെയ്യുന്നതായും എല്ലാവരും കൃത്യസമയത്തു തന്നെ പരിപാടിയിൽ പങ്കെടുക്കണമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.