തിരുവനന്തപുരം: കെ റെയില്‍ വികസനത്തിന് അനിവാര്യമെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് . കെ റെയില്‍ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൌര്‍ഭാഗ്യകരമാണ്. സർക്കാരിന്റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ പോലുള്ള വിനാശപദ്ധതികളാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി.
പ്രളയം പഠിച്ച സമിതിയുടെ ശുപാര്‍ശകളൊന്നും നടപ്പാക്കിയില്ല. ദുരന്ത നിവാരണ അതോറിറ്റിയാണ് ഏറ്റവും വലിയ ദുരന്തം. പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ പുനരധിവാസത്തിന് അടക്കം പദ്ധതികള്‍ വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം സിൽവർ ലൈൻ പദ്ധതിക്കായി എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 22.5 ടൺ ആക്സിൽ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന വിധമാണ് സിൽവർ ലൈൻ പദ്ധതി രൂപകല്‍പ്പന ചെയ്യുന്നതെന്നും സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പദ്ധതിയില്‍ വിദേശ വായ്പാ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്നും റെയില്‍വേ മന്ത്രാലയം ആരാഞ്ഞു. എന്നാല്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി.