യങ്കൂൺ: മ്യാൻമർ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയ ആങ് സാംഗ് സൂ ചിയുടെ അടുത്ത സഹായിയായ അടുത്ത സഹായി യു വിൻ തൈനെ(80) സൈന്യം 20 വർഷം തടവിന് ശിക്ഷിച്ചു. ഫെബ്രുവരി ഒന്നിന് നടന്ന സൈനിക നീക്കത്തിന് സൂ ചി , യു വിൻ തൈൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയിരുന്നു. മുൻ പാർലമെന്റംഗം കൂടിയായ തൈന് നായ്പിഡാവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിെന്റ അഭിഭാഷകൻ അറിയിച്ചു.
സൈനിക അട്ടിമറിക്ക് ശേഷമുള്ള വിചാരണയ്ക്കൊടുവിൽ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ഉന്നത നേതാവാണ് അദ്ദേഹം. മുൻ സൈനികൻ കൂടിയായിരുന്ന ഇദ്ദേഹം ദീർഘകാലം രാഷ്ട്രീയത്തടവുകാരനായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെയാണ് രാജ്യത്ത് കാര്യങ്ങൾ നീങ്ങുന്നതെന്ന് മകൾ ചിറ്റ് സുവിന് എഴുതിയ കത്തിൽ യു വിൻ വ്യക്തമാക്കിയിരുന്നു. ‘ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയാണ് എല്ലാം നടക്കുന്നത്, അതിനാൽ അതിശയിക്കാനില്ല. എന്നാൽ അപഹാസ്യമായ ഈ ശിക്ഷയെക്കുറിച്ച് കേൾക്കുന്നത് അതിശയപ്പെടുത്തുന്നു. അനീതിയാണ് നടക്കുന്നത്. അവസാനം ഞങ്ങൾ വിജയിക്കും’ എന്നുമായിരുന്നു സന്ദേശത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
2020ലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടത്തിയെന്നാരോപിച്ചാണ് മ്യാന്മറിൽ സൂ ചിയുടെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കി ഫെബ്രുവരി ഒന്നിനാണ് സൈന്യം ഭരണം പിടിച്ചെടുത്തത്. അന്ന് മുതൽ രാജ്യം പ്രക്ഷുബ്ധമാണ്. സൈന്യത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ നൂറുകണക്കാനാളുകൾ കൊല്ലപ്പെടുകയും ആയിരങ്ങളെ സൈന്യം തടവിലാക്കുകകയും ചെയ്തിട്ടുണ്ട്. 1,200-ലധികം ആളുകളെ കൊന്നൊടുക്കിയ വലിയ ജനാധിപത്യ പ്രതിഷേധങ്ങളും വിയോജിപ്പിനെതിരെയുള്ള അടിച്ചമർത്തലും മൂലം മ്യാൻമർ അരാജകത്വത്തിലാണ്.