ഡാളസ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭാഅംഗങ്ങളിൽ പ്രശസ്ത സേവനം അനുഷ്ഠിക്കുന്നവർക് അംഗീകാരം നൽകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന മാനവസേവ അവാർഡിന് നിരവത്തു ഡോ. എൻ. റ്റി. എബ്രഹാം അർഹനായി. അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മാ ഇടവക അംഗമാണ് .
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്. ഉം, തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും എം.ഡി. യും പാസ്സായി. മൂന്നു വർഷക്കാലം മിലിറ്ററി സർവീസിൽ സേവനം ചെയ്ത ശേഷം, കോട്ടയം ജില്ലാ ആശുപത്രി, കോട്ടാങ്ങൾ പ്രൈമറി ഹെൽത്ത് സെന്റർ, കുറവിലങ്ങാട് പ്രൈമറി ഹെൽത്ത് സെന്റർ, പെരുമ്പാവൂർ താലൂക്ക് ഹോസ്പിറ്റൽ എന്നീ ഗവണ്മെന്റ് ആശുപത്രികളിൽ ജോലി ചെയ്തു ഗ്രേഡ് 1 സിവിൽ സർജൻ ആയി റിട്ടയർ ചെയ്തു.
മല്ലപ്പള്ളി ജോർജ് മാത്തൻ മിഷൻ ആശുപത്രി, മന്ദിരം ആശുപത്രി, കട്ടപ്പന സെന്റ് ജോൻസ് ഹോസ്പിറ്റൽ, പള്ളം ബിഷപ് ജേക്കബ് മെമ്മോറിയൽ ഹോസ്പിറ്റൽ, ചിങ്ങവനം കേളചന്ദ്ര ഹോസ്പിറ്റൽ, കുമളി സെന്റ് അഗസ്റ്റിൻസ് ഹോസ്പിറ്റൽ എന്നീ മിഷൻ ഹോസ്പിറ്റലുകളിൽ ജോലി ചെയ്തതിനു ശേഷം ഇപ്പോൾ മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ ചീഫ് ഫിസിഷ്യൻ ആയി ജോലി ചെയ്യുന്നു. കൂടാതെ, കോട്ടയം ജെറുസലേം മാർത്തോമ്മാ പള്ളിയുടെ വകയായി നാഗമ്പടത്തും, കൊടിമതയിലും, കുറിച്ചിയിലും നടത്തുന്ന ചാരിറ്റി ക്ലിനിക്കുകളിലും, പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളി വക കെ. എം. ജി. ചാരിറ്റി ക്ലിനിക്കിലും, പുതുപ്പള്ളി ചാരിറ്റബിൾ ക്ലബ് വക ക്ലിനിക്ക്, അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മാ പള്ളി വക ക്ലിനിക്കിലും സൗജന്യ സേവനം തുടർന്നുകൊണ്ടിരിക്കുന്നു.
ക്രിസ്തുവിന്റെ കാരുണ്യം, ദീനാനുകമ്പ, നിർധനർക്കു ആശ്വാസം എന്നിവയ്ക്ക് പ്രാധാന്യം നൽകി, എന്തു കിട്ടും എന്നല്ല, എന്തു കൊടുക്കാൻ സാധിക്കും എന്ന താല്പര്യത്തോടെ പ്രവർത്തിക്കുന്ന പ്രിയപ്പെട്ട ഡോക്ടറെ സ്വർഗീയ വൈദ്യനായാണ് രോഗികൾ കാണുന്നത്.2018ലെ പ്രളയ സമയത്തും, കോവിഡ്19 കാലത്തും, വാർധക്യത്തെ വകാവയ്ക്കാതെയും, വിശ്രമമില്ലാതെയും, കർമോൽസുകനായി ആതുര ശുശ്രൂഷയുടെ മാനവസേവനത്തിൽ മുഴുകിയ ഡോക്ടർ പുതുതലമുറയ്ക്ക് മാതൃകയാണ്.
ഒക്ടോബര് 15 നു ചേരുന്ന മാർത്തോമ്മാ സഭാമണ്ഡല യോഗത്തിൽ, അദ്ദേഹത്തെ അനുമോദിക്കുന്നതും, മാനവസേവ അവാർഡ് നല്കുന്നതുമാണ്.