കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. പ്രതിസന്ധികളെ അതിജീവനത്തിന്റെ ചവിട്ടുപടികളാക്കി ജീവിത വിജയത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ വിഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭിന്നശേഷിയുള്ള വ്യക്തികളെ മാറ്റിനിര്‍ത്താതെ ചേര്‍ത്ത് പിടിച്ചുകൊണ്ട് സാമൂഹിക സുസ്ഥിതിയിലേയ്ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേയ്ക്കും നയിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി.സി റോയി, കെ.എസ്.എസ്.എസ് സിബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മാര്‍ മാത്യു മൂലക്കാട്ട് മൊമന്റോ നല്‍കിയാണ് ആദരിച്ചത്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ്. നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.