കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് എതിരെ നടപടി. സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല സന്ദേശങ്ങളയച്ചെന്ന യുവതിയുടെ പരാതിയിൽ തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്.അനിലിനെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.
അനിലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു. ഇടുക്കി സ്വദേശിനിയായ യുവതി സിപിഎം ജില്ലാ കമ്മിറ്റിക്കു നൽകിയ പരാതിയിലാണു നടപടി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട അനില്‍ ജോലി വാഗ്ദാനം ചെയ്തതായും സൗഹൃദം ഉറപ്പിച്ച ശേഷം അശ്ലീല സന്ദേശം അയച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.
കഴിഞ്ഞദിവസം പോക്സോ കേസിൽ ആലപ്പുഴ ചേർത്തലയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായിരുന്നു. ചേർത്തല നഗരസഭ 33-ാം വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഖലാൽ (58) ആണ് അറസ്റ്റിലായത്. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.