ഡാളസ് : ഡാളസ് കൗണ്ടിയില്‍ മാത്രം സെപ്റ്റംബര്‍ 14 ബുധനാഴ്ച 1000 പുതിയ കോവിഡ് കേസ്സുകള്‍ സ്ഥിരീകരിച്ചതായും 21 മരണങ്ങള് സംഭവിച്ചതായും കൗണ്ടി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ രണ്ടു ആഴ്ചകളില്‍ ഡാളസ് കൗണ്ടിയില്‍ പ്രതിദിനം 1382 കോവിഡ് കേസ്സുകള്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും, 933 പേര് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും കൗണ്ടി റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ചയോടെ ഡാളസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 372656 കോവിഡ് കേസ്സുകളും, 4474 മരണവും ഉണ്ടായിട്ടുണ്ടെന്നും കൗണ്ടി ആരോഗ്യ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഡാളസ് കൗണ്ടിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്ന് ഡി.എഫ്.ഡബ്ലിയൂ ഹോസ്പിറ്റല്‍ കൗണ്‍സില്‍ പറഞ്ഞു. ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്സും ഇത് ശരിവെച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും, കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന് ലഭിച്ചു കഴിയുന്നതുവരെ എല്ലാവരും സഹകരിക്കണമെന്നും ജഡ്ജി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഡാളസ് കൗണ്ടിയില്‍ ഇതുവരെ 1525769 പേര്‍ക്ക് ഒരു ഡോസ് വാക്സിനേഷന് ലഭിച്ചു കഴിഞ്ഞതായും ജഡ്ജി പറഞ്ഞു.