കണ്ണൂര്‍: ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറിനൊപ്പം പന്ത് തട്ടാന്‍ മലയാളിയും. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഷഹസാദ് മുഹമ്മദ് റാഫിയ്ക്കാണ് റെഡ്ബുള്‍ നെയ്മര്‍ ജൂനിയര്‍ 5 ല്‍ പന്ത് തട്ടാന്‍ അവസരം ലഭിച്ചത്.കുവൈറ്റില്‍ താമസിക്കുന്ന ഷഹ്സാദ് ഇപ്പോള്‍ നാട്ടിലുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഷഹ്സാദ്.
2021 ജൂനിയര്‍ ഗ്ലോബല്‍ ഫൈവ് ടീമിനായുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്മുഖമാണ് രണ്ടാമന്. ഓണ്‍ലൈനായി അയച്ചുകൊടുക്കുന്ന ഫുട്ബോള്‍ സ്കില്ലുകള്‍ വിലയിരുത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്.
Outplaythemallഎന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്വന്തം ഫുട്ബോള്‍ സ്കില്‍സ് വീഡിയോ പങ്കുവെക്കണം. ഇതില്‍ നിന്ന് നെയ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്സ് ലോകത്തിലെ ഏറ്റവും വലിയ അമേച്വര്‍ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായാണ് അറിയപ്പെടുന്നത്.
ഈ വര്‍ഷം ഡിസംബറോടെ ഖത്തറിലായിരിക്കും മത്സരം സംഘടിപ്പിക്കുക..