തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജോലിക്കായി തടവുകാരെ പുറത്തിറക്കിയ സമയം കടന്നു കളഞ്ഞത്. കേസിൽ ജീവ പര്യന്തം ശിക്ഷ അനുഭവിക്കുന്നയാളാണിത്. ചുറ്റുമതിലിനോട് ചേർന്നുള്ള അലക്കു യന്ത്രത്തിലായിരുന്നു ഇയാളുടെ ജോലി. രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിന് ശേഷമായിരുന്നു ജയില്‍ ചാട്ടം. ഒൻപത് മണിയോടെ അധികൃതർ പരിശോധനക്കെത്തിയപ്പോഴാണ് പ്രതിയെ കാണാനില്ലെന്ന് വ്യക്തമായത്.
2017-ലാണ് ജാഹിർ ജയിലിലെത്തുന്നത്. എന്നാൽ ഇതുവരെയും ഇത്തരം ജയിൽ ചാട്ട പ്രവണതകൾ ഇയാൾ നടത്തിയിട്ടില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കോവിഡ് മൂലം മിക്കവാറും തടവുകാർക്കും പരോൾ കൊടുത്തിരുന്നു. ശിക്ഷ തടവുകാർ മാത്രമാണ് ഇപ്പോൾ ജയിലുകളിലുള്ളത്. പ്രതിക്കായി തിരുവനന്തപുരം നഗരത്തിലടക്കം വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്.