ഡാളസ്സ് : അഫ്ഗാനിസ്ഥാനിലെ സ്ഫോടനാത്മകമായ അന്തരീക്ഷത്തിൽ നിന്നും ജീവനെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ അഫ്ഗാൻ വിടുന്നതിനു ശ്രമിക്കുമ്പോൾ അവരെ സഹായിക്കുന്നതിന് ബൈഡൻ ഭരണകൂടം ആവശ്യമായ സമയങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡാളസ്സ് ഡൗൺ ടൗണിൽ ഡസൻ കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഡാളസ്സ് ഫോർട്ട് വർത്ത് അഫ്ഗാൻ യൂണിറ്റി സംഘടന വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ഡാളസ്സ് സിവിക് ഗാർഡനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ അഫ്ഗാനിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചും താലിബാൻ ഭരണത്തെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർന്നു.
താലിബാന്റെ തോക്കിനു മുമ്പിൽ നിന്നും രക്ഷപെടാൻ യു.എസ്സ്. പൗരന്മാരും വിദേശ പൗരൻമാരും അഫ്ഗാനികൾ പോലും ശ്രമിക്കുമ്പോൾ ആവശ്യമായ പിന്തുണ നൽകാതെ നിരുത്തരവാദപരമായി പെരുമാറുന്ന ബൈഡൻ ഭരണകൂടത്തിന്റെ നടപടികളെ DFW അഫ്ഗാൻ യൂണിറ്റി ഓർഗനൈസേഷൻ പ്രസിഡന്റ് പാർക്ക് ജോൺ നയ്മ്പ് വിമർശിച്ചു.കഴിഞ്ഞ 20 വർഷം കൊണ്ട് അഫ്ഗാൻ ജനത നേടിയെടുത്ത സ്ഥിരത , പുത്തൻ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതെല്ലാം ബൈഡൻ യു.എസ് സൈന്യത്തെ പിൻവലിച്ചതോടെ ഇല്ലാതായതായി അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.