വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ ആറ് മാസങ്ങൾക്ക് ശേഷം ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്ലാന്റിൽ താമസിക്കുന്ന 58കാരനാണ് ഇപ്പോൾ കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെൽറ്റ വകഭേദമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസിന് കാരണമെന്ന് ജസീന്ത ആർഡേൻ അറിയിച്ചു. ആറ് മാസമായി രാജ്യത്ത് കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും ഇതെല്ലാം തകിടം മറിക്കാൻ തക്ക ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ കാര്യത്തിൽ അൽപം പോലും അശ്രദ്ധ കാണിക്കാനാകില്ലെന്നും ജസീന്ത പറഞ്ഞു.
‘ചെറിയ നിയന്ത്രണങ്ങളുമായി തുടങ്ങി നീണ്ടകാലത്തേക്ക് ലോക്ഡൗണിൽ കഴിയുന്നതിനേക്കാൾ നല്ലത്, കർശന നിയന്ത്രണങ്ങളോടെ തന്നെ ആരംഭിച്ച് എത്രയും വേഗം ആ ലോക്ഡൗണിൽ നിന്നും പുറത്തുവരുന്നതാണ്,’ ജസീന്ത പറഞ്ഞു.
ആസ്ട്രേലിയയിലെ നിലവിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ന്യൂസിലാന്റിന് കർശന നടപടികൾ കൂടിയേ തീരൂവെന്ന് ജസീന്ത പറഞ്ഞത്. കൊവിഡ് വ്യാപനം തടയുന്നതിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലാന്റ്. ആദ്യ തരംഗം മുതൽ ഇതുവരെ 26 കൊവിഡ് മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി സാധാരണ നിലയിലാണ് രാജ്യത്ത് സാമൂഹ്യജീവിതം കടന്നുപോകുന്നത്.