ന്യൂഡൽഹി: 2012 അണ്ടർ 19 ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനായ ഉൻമുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറഞ്ഞു. എല്ലാ ഫോർമാറ്റിലുമുള്ള ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാാണെന്ന് ഇന്നലെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇരുപത്തിയെട്ടുകാരനായ ഉൻമുക്ത് വ്യകത്മാക്കി. യു.എസ്.എയിൽ ട്വന്റി-20 ലീഗിൽ കളിക്കാനാണ് ഉൻമുക്തിന്റെ നീക്കം.
ഉൻമുക്ത് ചന്ദ് ഇന്ത്യ അണ്ടർ 23 ടീമിനെയും ഇന്ത്യ എ ടീമിനെയും പ്രതിനിധീകരിച്ചു. U-19 WC ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 111 റൺസ് നേടി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ച ഉൻമുക്ത് ചന്ദ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3379 റൺസും 120 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 4505 റൺസും നേടിയിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ കഴിയില്ല. അതിനാലാണ് ഉൻമുക്ത് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2019 -ൽ ഉൻമുക്തിന്റെയൊപ്പം അണ്ടർ 19 ലോകകപ്പ് ജയിച്ച ടീമിലുണ്ടായിരുന്ന സമിത് പട്ടേൽ നേരത്തേ തന്നെ അമേരിക്കൻ ട്വന്റി-20 ലീഗിന്റെ ഭാഗമായിരുന്നു.