തിരുവന്തപുരം: മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ. ടി. ജലീൽ എം. എൽ. എ ആരോപിച്ചു. മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി അഴിമതിയിലൂടെ നേടിയ പണം വേങ്ങര എ. ആർ. നഗർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും കെ. ടി. ജലീൽ പറഞ്ഞു.
ബിനാമി പേരിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. എ. ആർ. ബാങ്കിൽ ആകെ 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരൻ. ദേവി എന്ന അംഗൺവാടി ടീച്ചറുടെ പേരിൽ കുഞ്ഞാലികുട്ടിയുടെ 80 ലക്ഷം രൂപയുടെ കള്ളപ്പണം ഹരികുമാർ നിക്ഷേപിച്ചു.
ഇ. ഡിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുമ്പോഴാണ് അംഗൺവാടി ടീച്ചർ നിക്ഷേപത്തെക്കുറിച്ചറിയുന്നതെന്നും ജലീൽ വെളിപ്പെടുത്തി. സത്യം പുറത്തുവരുമ്പോൾ ഹരികുമാറിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും കെ. ടി. ജലീൽ കൂട്ടിച്ചേർത്തു.