ലക്നൗ: വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി ശില്പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. ഇരുവര്‍ക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് ശില്പ ഷെട്ടിയെയും സുനന്ദ ഷെട്ടിയെയും ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി പോലീസ് നടിക്കും മാതാവിനും നോട്ടിസ് നൽകിയിട്ടുണ്ട്.
ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണായ ശില്പ ഷെട്ടി ഡയറക്ടറായ സുനന്ദ ഷെട്ടി എന്നിവർ ചേർന്ന് വെല്‍നസ് സെന്ററിന്റെ പുതിയ ശാഖ തുടങ്ങുന്നതിനായി ജ്യോത്സ്ന ചൗഹാന്, രോഹിത് വീര്‍ സിങ് എന്നിവരിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പുതിയ ശാഖ ഉടൻ ആരംഭിക്കുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.