തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി സംസ്ഥാനതല ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് ഉണ്ടാക്കുമെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നിൽ കുറയാത്ത ടൂറിസം ഡെസ്റ്റിനേഷനുകൾ എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ നവീകരിച്ച പൊന്നറ ശ്രീധരൻ പാർക്ക് നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ തിരിച്ചറിയപ്പെടാത്തെ ടൂറിസം കേന്ദ്രങ്ങളെ ലോകത്തിനു പരിചയപ്പെടുത്താൻ തദ്ദേശ സ്ഥാപനതല ഡെസ്റ്റിനേഷൻ മാപ്പിനു കഴിയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി പുതിയ ആപ്പ് ഉടൻ കൊണ്ടുവരും. വ്യക്തികളുടേയും നാടിന്റെയുമൊക്കെ പ്രത്യേകതകൾ ടൂറിസത്തിന്റെ ഭാഗമാക്കാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനു ശേഷം ബയോ ബബിൾ കാഴ്ചപ്പാടോടെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള തീരുമാനം വലിയ രീതിയിൽ ജനങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. നിരവധി ആളുകൾ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
1.02 കോടി ചെലവിലാണു തിരുവനന്തപുരം സ്മാർട്ട് സിറ്റിയുടെ പദ്ധതിയുടെ ഭാഗമായി പാർക്ക് നവീകരണം നടത്തിയത്. ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്മാർട്ട്സിറ്റി സി.ഇ.ഒ. ഡോ. വിനയ് ഗോയൽ, നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, സ്മാർട്ട് സിറ്റി പദ്ധതിയിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.