തിരുവനന്തപുരം: പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതി വിവേചനമില്ലാതെ ശബരിമലയിൽ മേൽശാന്തിമാരാക്കുക, പിന്നാക്ക - ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോർഡിന്റെ വിവേചനം അവസാനിപ്പിക്കുക, സാമൂഹിക നീതി നടപ്പാക്കുക, എല്ലാ ദേവസ്വം നിയമനങ്ങളും പി.എസ്.സിക്ക് വിടുക എന്നീ മുദ്റാവാക്യങ്ങൾ ഉയർത്തി ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആഗസ്റ്റ് 2ന് രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും.ഇന്നലെ ചേർത്തല ട്രാവൻകൂർ പാലസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് ഉപവാസം. സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മലയാളി ബ്രാഹ്മണരല്ലാത്ത ഹിന്ദു സമുദായത്തിലെ എല്ലാ ശാന്തിമാരെയും ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കണമെന്ന ഹൈക്കോടതി ഹർജിയിൽ കക്ഷിചേരാനും യോഗം തീരുമാനിച്ചു.ആഗസ്റ്റ് 6ന് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ഉപവാസം സംഘടിപ്പിക്കും.
2021 സീസണിലെ ശബരിമല മേൽശാന്തി നിയമനത്തിനുള്ള പത്രപ്പരസ്യത്തിലും ദേവസ്വം ബോർഡ് വെബ്സൈറ്റിലും മലയാളി ബ്രാഹ്മണർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്നാണുള്ളത്. ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി. ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയും മേൽശാന്തി നിയമനത്തിനുള്ള ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ബി.ഡി.ജെ.എസ് കക്ഷി ചേരുന്നത്. കീഴ് ജാതി വിവേചനത്തിനെതിരെ ‘അയ്യപ്പന് അയിത്തമോ’ എന്ന പേരിൽ ബി.ഡി.ജെ.എസ് പ്രക്ഷോഭം സംഘടിപ്പിച്ച് വരികയാണ്.
എല്ലാ വർഷവും അബ്രാഹ്മണർ അപേക്ഷിക്കാറുണ്ടെങ്കിലും നിരസിക്കുകയാണ് പതിവ്. ഈ രീതി പൂർണമായും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ബി.ഡി.ജെ.എസ് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ കെ. പത്മകുമാർ, അഡ്വ. സിനിൽ മുണ്ടപ്പള്ളി, പൈലി വാത്തിയാട്ട്, തഴവ സഹദേവൻ, ജനറൽ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട്, ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, എ.എൻ. അനുരാഗ് കൊല്ലംകോട്, അഡ്വ. സംഗീത വിശ്വനാഥൻ എന്നിവർ സംസാരിച്ചു.