തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സുപ്രീം കോടതി വിധിയെ അവഹേളിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ ആമുഖത്തിലും അവസാനത്തിലും വിധിയെ സ്വാഗതം ചെയ്യുകയും മറ്റുള്ള സ്ഥലത്തൊക്കെ കോടതി നിഗമനങ്ങളെ അവഹേളിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവിനെ അവഹേളിച്ച മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്ക്കരിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രതിപക്ഷം നല്കിയ അടിയന്തിരപ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭയ്ക്ക് അകത്ത് നടക്കുന്ന പ്രശ്നങ്ങള്‍ അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ് വഴക്കമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് തെറ്റാണ്. 1970-ല്‍ കേരള നിയമസഭയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. അന്ന് സ്പീക്കര്‍ ദാമോദരന്‍ പോറ്റിയെ ഇടത് എം.എല്‍.എമാര്‍ ആക്രമിച്ചു. തുടര്‍ന്ന് സി.ഐയ്ക്കും മര്‍ദ്ദനമേറ്റു. സി.ഐയെ ആക്രമിച്ച 5 എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യുകയും എം.എല്‍.എമാര്‍ക്കെതിരെ കേസ് കൊടുക്കാന്‍ സി.ഐക്ക് സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു. പഞ്ചാബ് നിയമസഭയില്‍ മൈക്ക് തല്ലിപ്പൊട്ടിച്ച സംഭവത്തിലും പൊലീസ് കേസെടുക്കുകയും എം.എല്‍.എമാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ മറച്ചുവച്ചാണ് നിയമസഭയില്‍ നടക്കുന്നത് അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ് വഴക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
സര്‍ക്കാര്‍ വാദിയായ ഒരു ക്രിമിനല്‍ കേസിലാണ് പൊതുഖജനാവിലെ പണം മുടക്കി പ്രതിക്ക് അതേ സര്‍ക്കാര്‍ തന്നെ സംരക്ഷണം ഒരുക്കുന്നത്. കേസ് വിചാരണയ്ക്ക് എടുക്കുമ്പോള്‍ മന്ത്രിക്ക് എതിരെ ഹാജരാകേണ്ടത് സര്‍ക്കാര്‍ അഭിഭാഷകനാണ്. ഈ അവസ്ഥ ഒഴിവാക്കാനാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. പൊതുഖജനാവില്‍ നിന്നും പണം മുടക്കി മന്ത്രി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ്. നിയമസഭയില്‍ മുണ്ടും മടക്കികുത്തി ഡസ്കില്‍ കയറി പൊതുമുതല്‍ നശിപ്പിക്കുന്ന ആളാണോ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി? ഇത് സംസ്ഥാനത്തെ കുറിച്ച് എന്തു സന്ദേശമാണ് പുറത്തേക്ക് നല്‍കുന്നത്? – പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേരള ചരിത്രത്തില്‍ ആര്. ബാലകൃഷ്ണപിള്ള ഒഴികെ മറ്റെല്ലാ മന്ത്രിമാരും രാജിവച്ചത് കോടതി പരാമര്‍ശങ്ങളുടെ മാത്രം പേരിലാണ്. രാജന് കേസിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇടത് മന്ത്രിസഭയിലുണ്ടായിരുന്ന കെ.ടി ജലീല്‍, തോമസ് ചാണ്ടി എന്നിവരുടെ രാജിയും കോടതി പരാമര്‍ശത്തിന്റെ പേരിലാണ്. എഫ്.ഐ.ആറില്‍ പേര് വന്നതിന്റെ പേരിലാണ് കെ.എം മാണി രാജി വയ്ക്കണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേടതി പരാമര്‍ശത്തേക്കാള്‍ ഗുരുതരമാണ് മന്ത്രി വിചാരണ നേരിടണമെന്ന ഉത്തരവ്. ശിവകുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന യു.ഡി.എഫ് നിലപാടില്‍ മാറ്റമില്ല. സമരം സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. അടുത്തയാഴ്ച സഭയില്‍ സ്വീകരിക്കേണ്ട നിലപാട് യു.ഡി.എഫ് നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.