മനാമ: ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ ബഹ്റൈൻ യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ അറിയിച്ചു. 40 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിൽ 80 ശതമാനം പേർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നതുവരെ രാജ്യം യെല്ലോ ലെവലിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബൂസ്റ്റർ ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവരിൽ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലെന്നും ഡോ. മനാഫ് അൽ-ഖഹ്താനി പറഞ്ഞു. കാരണം ബൂസ്റ്റർ ഡോസ് കൊറോണ വൈറസിൽ നിന്നും കോവിഡിന്റെ വകഭേദങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.
ബഹ്റൈനിൽ ജൂലൈ 27 ചൊവ്വാഴ്ച വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 1,31,192 ആണ്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ 71 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബൂസ്റ്റർ ഡോസ് കഴിച്ച് 14 ദിവസത്തിന് ശേഷം വൈറസ് ബാധിച്ചത് വളരെ കുറഞ്ഞ ശതമാനം (0.05 ).%) ആളുകളിൽ മാത്രമാണ്. കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിനുശേഷം പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോ. ജമീല അൽ സൽമാൻ പറഞ്ഞു.
40 വയസും അതിൽ കൂടുതലുമുള്ള രണ്ട് ഡോസ് സിനോഫാം ലഭിച്ചവർക്ക് ബൂസ്റ്റർ ഡോസിന്റെ ദൈർഘ്യം ഒരു മാസമായി കുറയ്ക്കുന്നതായി ടാസ്ക് ഫോഴ്സ് അറിയിച്ചു. കോവിഡ് 19 ൽ നിന്ന് തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് എല്ലാ പൗരന്മാരോടും താമസക്കാരോടും ടാസ്ക് ഫോഴ്സ് ആഹ്വാനം ചെയ്തു.