തിരുവനന്തപുരം : സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത 7316 കോവിഡ് മരണങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇതു വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടു.
2020 ജനുവരി മുതല്‍ 2021 ജൂലൈ 13 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കണക്കുകളിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണക്കുകളിലുമാണ് വൈരുധ്യം. സര്‍ക്കാര്‍ പറയുന്ന കണക്ക് അനുസരിച്ച് സംസ്ഥാനത്ത് കോവിഡ് മരണം 16,170 ആണ്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനമാക്കി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് തയ്യാറാക്കിയ കണക്ക് പ്രകാരം സംസ്ഥാനത്ത് കോവിഡ് മരണം 23,486 ആണ്. കേരള സര്‍ക്കാരിന്റെ കോവിഡ് മരണക്കണക്കില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് വിവരാവകാശ രേഖയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.