തല്‍ഹാസി (ഫ്ലോറിഡ) : ജന്മനാ പുരുഷന്മാരായിരുന്ന, ശസ്ത്രക്രിയയിലൂടെ സ്ത്രീകളായി മാറിയവരെ (ട്രാന്‍സ്ജന്റര്‍) സ്ത്രീകള്‍ക്കു മാത്രമുള്ള ഫെഡറല്‍ ജയിലുകളില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ടു സ്ത്രീകള്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ലോറിഡാ തലഹാസി ഡിവിഷനില്‍ ലോസ്യൂട്ട് ഫയല്‍ ചെയ്തു.
ക്രിസ്ത്യന്‍ ബ്ലാക്ക് കണ്‍സര്‍വേറ്റീവുകളായ രണ്ടു സ്ത്രീകള്‍ തങ്ങള്‍ക്ക് ഭരണഘടന അനുവദിക്കുന്ന നിരവധി അവകാശങ്ങള്‍ ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസന്‍സ് ലംഘിക്കുന്നു എന്നു ചൂണ്ടികാട്ടി തടവുകാരായ റോണ്ടാ ഫ്ലമിംഗ്സ്, കറ്റോറിയൊ ഗ്രീന്‍ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പുരുഷന്മാരായ ട്രാന്‍സ്ജന്‍ഡറുമായി 24 മണിക്കൂറും ജയിലില്‍ ഒരുമിച്ചു കഴിയുകയെന്നത് ഭയം ഉളവാക്കുന്നതാണെന്നും സ്ത്രീകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കുളിക്കുന്നതും വസ്ത്രം മാറുന്നതും ട്രാന്‍സ്ജന്‍ഡര്‍മാരുടെ സാന്നിധ്യത്തില്‍ ചെയ്യേണ്ടി വരുന്നത് സുരക്ഷിതത്വത്തിനു വരെ ഭീഷിണിയാണ്.
സ്ത്രീകളെന്ന് അവകാശപ്പെടുന്ന പുരുഷന്മാരാണോ യഥാര്‍ഥ സ്ത്രീകളായി ജയിലില്‍ കഴിയുന്നവരാണോ ഫെഡറല്‍ ഗവണ്മെന്റിന് മുഖ്യവിഷയമെന്നും ഇവര്‍ ചോദിക്കുന്നു. പരാതി സമര്‍പ്പിച്ച സ്ത്രീ തടവുകാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു മറ്റു സ്ത്രീ തടവുകാരും രംഗത്തെത്തിയിട്ടുണ്ട്.
ക്രിസ്ത്യന്‍ വിശ്വാസികളായ തടവുകാര്‍ക്ക് തങ്ങളുടെ വിശ്വാസത്തെ പോലും ചോദ്യം ചെയ്യുന്നതാണു ട്രാന്സ്ജന്ഡറുടെ സാന്നിധ്യത്തില്‍ ജയിലില്‍ തുടരുന്നതെന്നും ഇവര്‍ വാദിക്കുന്നു.