കൊച്ചി: ഫഹദ് ഫാസിൽ നായകനായെത്തുന്ന മലയാള സിനിമ മാലിക് ചോർന്ന സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ മഹേഷ് നാരായണൻ. ഇത്തരം പ്രവർത്തനങ്ങളാണ് മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നത് എന്ന് മഹേഷ് നാരായണൻ പറഞ്ഞു. ആമസോണിലൂടെ ചിത്രം കാണണം. തന്റെ എന്നല്ല ഏത് സംവിധായകന്റെ സിനിമയായാലും പ്ലാറ്റ്ഫോമിലൂടെ ഓടിയാലേ റവന്യൂ കിട്ടൂ എന്ന സംവിധായകൻ പറഞ്ഞു. മലയാള സിനിമാ ലോകം ഏറെ കാത്തിരുന്ന ചിത്രമാണ് ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിക്കുന്ന മാലിക്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത് മിനിറ്റുകൾക്കകമാണ് ടെലിഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. പൈറസി തടയണമെന്ന് ടെലിഗ്രാമിനോട് നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്.
ടെലിഗ്രാമിലെ വിവിധ സിനിമാ ഗ്രൂപ്പുകളിൽ സിനിമയുടെ പകർപ്പ് പ്രചരിക്കുന്നുണ്ട്. ഇത് കൂടാതെ നിമിഷ സജയനും ഫഹദ് ഫാസിലും കൂടിയുള്ള സിനിമയിലെ ചില രംഗങ്ങളും പ്രചരിക്കുന്നു. തീയേറ്റർ റിലീസിനാണ് നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ സാഹചര്യത്തിൽ ഓൺലൈനായി പുറത്തിറക്കുകയായിരുന്നു. ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതൽ മുടക്കുള്ള മാലിക് നിർമ്മിച്ചിരിക്കുന്നത്.