കണ്ണൂർ: പകര്‍ച്ചവ്യാധികളില്‍ ഭൂരിപക്ഷവും ജന്തുജന്യ രോഗങ്ങളാണെന്നും അതുകൊണ്ടുതന്നെ വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രാത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പറഞ്ഞു. ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെയും ആഭിമുഖ്യത്തില്‍ ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും എന്ന വിഷയത്തില്‍ നടന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേ വിഷബാധ, കുരങ്ങു പനി, എലിപ്പനി, വെസ്റ്റ്നൈല്‍ ഫീവര്‍, സ്ക്രബ്ബ് ടൈഫസ് എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ജന്തുജന്യ രോഗങ്ങള്‍. മൃഗങ്ങളുമായും അവരുടെ ശരീര സ്രവങ്ങളുമായും സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്ത് മൃഗങ്ങളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്. അഞ്ച് വയസ്സില്‍ താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഡി എം ഒ അറിയിച്ചു.
തുടര്‍ന്ന് ”മാനേജ്മെന്റ് ഓഫ് റാബീസ്” എന്ന വിഷയത്തില്‍ മങ്ങാട്ടുപറമ്പ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ബിനോ ജോസ്, ”വണ്‍ ഹെല്‍ത്ത് അപ്പ്രോച്ച്” എന്ന വിഷയത്തില്‍ ആര് ഡി ഡി എല്‍ കണ്ണൂരിലെ വെറ്റിനറി സര്ജന് ഡോ. എ ആര് രഞ്ജിനി എന്നിവര്‍ ക്ലാസെടുത്തു.
ഡെപ്യൂട്ടി ഡി എം ഒ ഡോ. എം കെ ഷാജ്, എപ്പിഡമോളജിസ്റ്റ് ഡോ. ദീപക് രാജന്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ പ്രകാശ് കുമാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.