കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അനുശോചിച്ചു.
എം.എ.യൂസഫലിയുടെ അനുശോചന സന്ദേശം:
മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗം ഏറെ വ്യസനത്തോടെയാണു ഞാൻ അറിഞ്ഞത്. ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയായി മാറ്റിയ ഒരു മഹത് വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന തിരുമേനിയുമായി എനിക്ക് അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം എന്നോട് കാണിച്ച സ്നേഹവും വാത്സല്യവും ഞാൻ ഓർക്കുന്നു.
ഓർത്തഡോക്സ് സഭയ്ക്ക് മാത്രമല്ല അതിലുപരി പൊതുസമൂഹത്തിൻ്റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച ഒരു ആത്മീയാചാര്യനെയാണു ബാവായുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. അഭിവന്ദ്യ കാതോലിക്കാ ബാവായുടെ വിയോഗം താങ്ങുവാനുള്ള കരുത്ത് സഭയ്ക്കും സഭാംഗങ്ങൾക്കും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം തിരുമേനിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.