മാറക്കാന: ചിര വൈരാഗികളായ ബ്രസീലിനെ അവരുടെ തറവാട്ടു മുറ്റമായ മാറക്കാനയില്‍ മുട്ടു കുത്തിച്ചു കൊണ്ട് 28 വര്‍ഷം നീണ്ട കിരീട വരള്‍ച്ചക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് അര്‍ജന്റീന ടീം. ഫുട്ബോള്‍ ലോകം ഒന്നടങ്കം സ്വപ്നഫൈനല്‍ എന്ന് വിശേഷിപ്പിച്ച മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തകര്‍ത്തത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി രാജ്യാന്തര കരിയറില്‍ കിരീടം വെക്കാത്ത രാജാവായി കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ ആശങ്കകള്‍ക്കും ഇതോടെ വിരാമമായി. ഇത്തവണ ഗോള്‍ഡന്‍ ബൂട്ട് നേടിയിരിക്കുന്നതും ലയണല്‍ മെസ്സി തന്നെയാണ്. ആകെ നാലു ഗോളുകളാണ് മെസ്സി ടൂര്‍ണമെന്റില്‍ നേടിയത്.
ടൂര്‍ണമെന്റിലെ മറ്റു മത്സരങ്ങളെ അപേക്ഷിച്ച് ഫൈനലിലെ മെസ്സിയുടെ പ്രകടനത്തില്‍ ആരാധകര്‍ പൂര്‍ണ തൃപ്തരല്ല. തന്നെ വളഞ്ഞിട്ടു പിടിച്ച ബ്രസീല്‍ പ്രതിരോധ നിരക്കെതിരെ ഫോം കണ്ടെത്താന്‍ പരാജയപ്പെട്ട താരം മത്സരത്തിന്റെ അവസാന നിമിഷം വിജയമുറപ്പിക്കാന്‍ ലഭിച്ച ഒരവസരം പാഴാക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിന് ശേഷം മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അര്‍ജന്റീന പരിശീലകന് ലയണല്‍ സ്കലോണി. കൊളംബിയക്കെതിരായ സെമി ഫൈനലിലും ബ്രസീലിനെതിരായ ഫൈനലിലും വളരെ ഗുരുതരമായി കണക്കാക്കപ്പെടുന്ന ഹാംസ്ട്രിങ് ഇഞ്ചുറിയുമായാണ് മെസി കളിച്ചതെന്നാണ് സ്കലോണി പറഞ്ഞത്.
അവസാന പോരാട്ടത്തില്‍ മെസിയെ കരക്കിരുത്തിയാല്‍ അത് അര്‍ജന്റീനയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നതു കൊണ്ടായിരിക്കണം പരിക്കേറ്റിട്ടും താരത്തെ സ്കലോണി ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പൂര്‍ണ ഫിറ്റ്നെസ് ഇല്ലാതിരുന്നിട്ടും മത്സരത്തിന്റെ അവസാനം വരെ തന്റെ ടീമിന് ധൈര്യം പകര്‍ന്നുകൊണ്ട് മെസ്സി കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. പരിക്കു വെച്ച് കളിച്ചിട്ടും രണ്ടു കീ പാസുകള്‍ നല്കിയ താരം നാല് ഡ്രിബ്ലിങ്ങും മത്സരത്തില്‍ കാഴ്ച വെച്ചു.
കൊളംബിയക്ക് എതിരെ നിരവധി തവണ ഫൗള്‍ ചെയ്യപ്പെട്ട് വീണിട്ടും മെസ്സി അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ജയത്തില്‍ എത്തിക്കും വരെ കളത്തില്‍ തുടര്‍ന്നിരുന്നു. ആ മത്സരത്തില്‍ മാര്‍ട്ടിനസിന്റെ ഗോളിന് വഴി ഒരുക്കിയതും മെസ്സിയായിരുന്നു. കിരീടത്തിലേക്കുള്ള അര്‍ജന്റീനയുടെ യാത്രയില്‍ മെസ്സി പോക്കറ്റിലാക്കിയത് നാലു ഗോളുകളാണ്. അഞ്ച് തവണ ഗോളിന് വഴിയൊരുക്കി. അസിസ്റ്റുകളുടെ കാര്യത്തിലും മെസ്സി തന്നെയാണ് മുന്‍പന്തിയില്‍. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തിരിക്കുന്നതും മെസ്സിയെയാണ്.
മുമ്പ് നാലു തവണ അര്‍ജന്റീനക്ക് ഒപ്പം മേജര്‍ ഫൈനലില്‍ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി. ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോള്‍ പോലും നേടിയിരുന്നില്ല. ഇന്നും മെസ്സി ഗോള്‍ നേടിയില്ല എങ്കിലും ഈ കിരീടം മെസ്സി മുന്നില്‍ നിന്ന് നയിച്ചു നേടിയത് തന്നെയാണ്. തങ്ങളുടെ പ്രിയ ക്യാപ്റ്റന്‍ കിരീടം നേടിക്കൊടുക്കാന്‍ ഉറച്ച് തന്നെയാണ് അര്‍ജന്റീന താരങ്ങളും ഇന്നിറങ്ങിയത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്കോര്‍ ചെയ്തത്.