മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പിന് യാത്രയയപ്പ് നൽകി. അടുത്ത ആഴ്ചയാണ് ജോണും കുടുംബവും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. ഐ.സി.ആർ.എഫിന് ജോൺ ഫിലിപ്പ് നൽകിയ വിലമതിക്കാനാവാത്ത പിന്തുണയെ അഭിനന്ദിച്ചുകൊണ്ട്, ഹിസ് എക്സലൻസി ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ഐ. സി. ആർ. എഫ് ചെയർമാൻ അരുൾ ദാസ് തോമസ്, ഐ. സി. ആർ. എഫ് ഉപദേഷ്ടാവ് ഭഗവാൻ അസർപൊട്ട , വൈസ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലുർ, കൂടാതെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ള എന്നിവർ പങ്കെടുത്തു.
കമ്മ്യൂണിറ്റിയിലെ നിരാലംബരായ അംഗങ്ങൾക്ക് നിരുപാധികമായ പിന്തുണ നൽകുന്ന ഒരു സമർപ്പിത അംഗത്തെയും സന്നദ്ധപ്രവർത്തകനെയും ഐ.സി.ആർ.എഫിന് നഷ്ടമാകുമെന്ന് യാത്രയയപ്പു ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് പറഞ്ഞു.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-20-feb-2021/
ബയോമെഡിക്കൽ എഞ്ചിനീയറായി കഴിഞ്ഞ 37 വർഷമായി ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിച്ച ജോൺ, നിസ്വാർത്ഥനായ ഒരു മനുഷ്യനും, കമ്മ്യൂണിറ്റി സന്നദ്ധപ്രവർത്തകനുമാണ്. തുടക്കം മുതൽ ഐ.സി.ആർ.എഫിന്റെ സജീവ അംഗമായിരുന്നു അദ്ദേഹം. 2019 ൽ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നതിന് മുമ്പ് ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഐ.സി.ആർ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളുമായി വളരെ അടുത്ത് ഇടപഴകിയ അദ്ദേഹം വിവിധ ലേബർ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പ്രശംസനീയമായ പങ്ക് വഹിച്ചു. ഐ.സി.ആർ.എഫ് നടത്തിയ ആദ്യത്തെ നൂറോളം മെഡിക്കൽ ക്യാമ്പുകളുടെ കോർഡിനേറ്ററായിരുന്നു അദ്ദേഹം. കഴിഞ്ഞ 3 ദശകങ്ങളിൽ സൽമാനിയ ആശുപത്രിയിലെക്ക് വരുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ജോൺ സഹായിച്ചിട്ടുണ്ട്. ഐ.സി.ആർ.എഫ് ഹോസ്പിറ്റൽ കോർഡിനേറ്ററായി പ്രവർത്തിച്ച അദ്ദേഹം അർഹരായ വ്യക്തികൾക്ക് സഹായം എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2016 മുതൽ 3 വർഷത്തോളം പ്രവാസി മലയാളി ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.