മുംബയ്: പോൺ വീഡിയോ റാക്കറ്റുമായി ബന്ധമുള്ള നടിയും മോഡലുമായ ഗെഹാന വസിഷ്ഠ് അറസ്റ്റിൽ. മുംബയ് ക്രൈംബ്രാഞ്ചിലെ പ്രോപ്പർട്ടി സെൽ യൂണിറ്റ് ഇന്നലെയാണ് താരത്തെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം വ്യാഴാഴ്ച മാദ് ദ്വീപിലെ ഒരു ബംഗ്ലാവിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ വീഡിയോ ക്യാമറ, ആറ് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്പ്, സ്പോട്ട്ലൈറ്റുകൾ, ക്യാമറ സ്റ്റാൻഡ്, വീഡിയോ ക്ലിപ്പുകൾ അടങ്ങിയ മെമ്മറി കാർഡ്,എന്നിവയും പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഹിന്ദി, തെലുങ്ക് സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയുമാണ് നടി ശ്രദ്ധേയായത്.അശ്ലീല വീഡിയോകൾ ചിത്രീകരിച്ച് നടിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതിന് അന്വേഷണ സംഘത്തിന് തെളിവ് കിട്ടിയിട്ടുണ്ട്. വെബ്സൈറ്റ് സന്ദർശിക്കണമെങ്കിൽ രണ്ടായിരം രൂപയ്ക്ക് സബ്സ്ക്രൈബ് ചെയ്യണമായിരുന്നു. കേസിൽ കൂടുതൽ മോഡലുകൾ, നടിമാർ, ചില പ്രൊഡക്ഷൻ ഹൗസുകൾ എന്നിവരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതരായെന്ന് കാണിച്ച് മൂന്ന് പേർ കൂടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.