കൊൽക്കത്ത; രാജ്യത്തിന് നാലു ദേശീയ തലസ്ഥാനങ്ങൾ വേണമെന്ന നിർദേശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മമത ഇക്കാര്യം പറഞ്ഞത്. “എന്തുകൊണ്ട് ഒരു ദേശീയ തലസ്ഥാനം മാത്രമേ ഉണ്ടാകൂ? എന്തുകൊണ്ട് നാല് ദേശീയ തലസ്ഥാനങ്ങൾ പാടില്ല? വടക്ക്, തെക്ക്, കിഴക്ക്, പശ്ചിമ ഇന്ത്യയിൽ ഓരോ നഗരങ്ങളെ തലസ്ഥാനങ്ങളാക്കണം.ഈ നാല് ദേശീയ തലസ്ഥാനങ്ങൾ മാറി മാറി പ്രവർത്തിക്കാൻ കഴിയുന്ന രീതി വരണം”- മമത ബാനർജി പറഞ്ഞു.
എന്തുകൊണ്ട് എല്ലാം ഡൽഹി മാത്രമായി പരിമിതപ്പെടുത്തുന്നു? പാർലമെന്റിൽ നാല് ദേശീയ തലസ്ഥാനം എന്ന ആവശ്യം ഉന്നയിക്കാൻ എന്റെ പാർലമെന്റ് അംഗങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. നേതാജിയുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ കേന്ദ്രം ‘പരാക്രം’ എന്ന പദം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ”അവർ പറഞ്ഞു.
നേതാജി തുറമുഖത്തെ ശ്യാമ പ്രസാദ് മുഖർജി ഡോക്ക് എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ മമത ബാനർജി വിമർശിച്ചു. “അവർക്ക് നേതാജിയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെങ്കിൽ, എന്തിനാണ് അവർ നേതാജി തുറമുഖത്തിന്റെ പേര് ശ്യാമ പ്രസാദ് മുഖർജി ഡോക്ക് എന്ന് മാറ്റിയത്. സ്വാതന്ത്ര്യത്തിനുമുമ്പ് രാജ്യത്തിന് ഒരു ആസൂത്രണ കമ്മീഷനും ദേശീയ സൈന്യവും വേണമെന്ന ദീർഘ വീക്ഷണം നേതാജിക്കുണ്ടായിരുന്നു. തങ്ങൾ നേതാജിയെ ആരാധിക്കുന്നുവെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും അതേ സമയം അവർ ആസൂത്രണ കമ്മീഷൻ എന്ന സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നു”- മമത ബാനർജി വിമർശിച്ചു.
പശ്ചിമ ബംഗാളിൽ നടക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ടിഎംസിയും തമ്മിലുള്ള സംഘർഷത്തിനിടയിലാണ് ‘പരക്രം ദിവാസ് പരിപാടി’ നടക്കുന്നത്. ബോസിന്റെ ജന്മവാർഷികം ജനുവരി 23 ന് ‘പരക്രം ദിവാസ്’ ആയി ആഘോഷിക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ, ആ ദിവസം ‘ദേശ് പ്രേം ദിവാസ്’ ആയി ആഘോഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നിർബന്ധിച്ചു.