റിയാദ്: 41ാംമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി ജനുവരി അഞ്ചിന് സഊദിയിൽ ചേരും. സഊദി ടൂറിസ്റ്റ് കേന്ദ്രമായ അൽ ഉലയിലാണ് ഉച്ചകോടി ചേരുന്നത്. പുരാതന സ്മാരകങ്ങളുടെയും നാഗരികതകളുടെയും സംഗമ കേന്ദ്രമായ അല്‍ഉലയയിലെ മറായാ ഓഡിറ്റോറിയത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിലിൽ ഉൾപ്പെട്ട ആറു രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളായ അതിഥികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
ഉച്ചകോടിയില്‍ മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. പരസ്പരമുള്ള അഭിപ്രായ ഭിന്നതകള്‍ പറഞ്ഞു തീര്‍ക്കുകയും ഖത്തറുമായുള്ള നയതന്ത്രബന്ധം മറ്റു ജിസിസി രാജ്യങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനായി കുവൈറ്റ് ഇടപെട്ട് നടത്തിവന്ന മധ്യസ്ഥ ശ്രമത്തിന്റെ പ്രതിഫലനമാകും ഉച്ചകോടിയില്‍ പ്രകടമാവുക. ഇതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സൗദി ഭരണാധികാരി സല്മാന് രാജാവ് ഔപചാരികമായി ക്ഷണിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സ്ഥിരതയും സുരക്ഷയും ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ക്കാണ് ഈ ഉച്ചകോടി കാതോര്‍ക്കുന്നത്. സര്‍വ മേഖലകളിലും സംയുക്ത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിലും അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും സമന്വയവും വര്‍ധിപ്പിക്കുന്നതിലും ഉച്ചകോടി ഗൗരവ പൂര്‍വമുള്ള തീരുമാനങ്ങളാകും കൈക്കൊള്ളുക. യമനിലെ സഖ്യ സര്‍ക്കാരിനെതിരെ പോരാട്ടം തുടരുന്ന ഇറാന് അനുകൂല ഭീകര സംഘടനയായ ഹൂതികളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായ നീക്കമാകും ഉച്ചകോടിയില്‍ ഉണ്ടായേക്കുക.
ഗൾഫിലെ തർക്കത്തിന് പരിഹാരം കണ്ടെത്താനുള്ള സഊദി അറേബ്യയുടെ കഴിവിൽ ബഹ്റൈൻ വിദേശ കാര്യ മന്ത്രി അബ്ദുല്ലത്വീഫ് അൽ സയാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഊദി അറേബ്യക്ക് പുറമെ ഖത്തർ, യുഎഇ,കുവൈത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് ഗൾഫ് സഹകരണ കൗൺസിലിൽ ഉള്ളത്.