ദുബായ്: ഗിന്നസ് റെക്കോർഡിലിടം നേടുന്ന കരിമരുന്ന് പ്രയോഗവുമായാണ് യുഎഇ പുതുവർഷത്തെ വരവേൽക്കുന്നത്. അബുദാബിയിലാണ് 35 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം ഒരുക്കിയത്. ബുർജ് ഖലീഫ അടക്കം വിവിധയിടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷപരിപാടികൾ.
അബുദാബി അൽ വത്ബയിൽ 35 മിനിട്ട് നീളുന്ന കരിമരുന്ന് പ്രയോഗത്തിലൂടെ ഗിന്നസ് ലോകറെക്കോർഡാണ് യുഎഇ ലക്ഷ്യമിടുന്നത്. ഹെറിറ്റേജ് ഫെസ്റ്റിവലിൽ നിയന്ത്രണങ്ങളോടെയായിരുന്നു പ്രവേശനം. ദുബായിൽ ഡൗൺടൗൺ ദുബായ്, ഗ്ലോബൽ വില്ലേജ്, അറ്റ്ലാൻറിസ് ദ് പാം, ബുർജ് അൽ അറബ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ സീഫ് ദുബായ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗവും ആഘോഷപരിപാടികളും നടന്നു. റാസൽഖൈമയിൽ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗം നാല് കിലോ മീറ്റർ ചുറ്റളവിൽ കാണാനാകും എന്നതാണ് പ്രത്യേകത. അല്‍ മർജാന്‍ ദ്വീപിലെ കടലിന് മുകളിലാണ് കരിമരുന്ന് പ്രയോഗം. അജ്മാൻ കോർണിഷില്‍ അജ്മാൻസറായിക്ക് മുൻവശത്തും അൽ സൊറാഹിലെ ഒബ്റോയി ബീച് റിസോർട്ടിലും ആഘോഷങ്ങൾ തുടങ്ങി. വിവിധ റിസോർട്ടുകളിലും ഹോട്ടലുകളിലും ആഘോഷങ്ങൾ പുരോഗമിക്കുകയാണ്.
സ്വകാര്യപരിപാടികളിലടക്കം 30പേരിൽ കൂടരുതെന്നാണ് നിർദേശം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചാൽ സംഘാടകരും പങ്കെടുക്കുന്നവരും പിഴശിക്ഷ നൽകേണ്ടിവരും. ആഘോഷ വേദികൾ, റോഡുകൾ, മെട്രോ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യണമെന്നാണ് കർശന നിർദേശം.