സന: യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം. സ്ഫോടനത്തിലും വെടിവെയ്പ്പിലുമായി 13 പേർ കൊല്ലപ്പെട്ടു. 24 ഓളം പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം.
പുതിയ പ്രധാനമന്ത്രി മയീൻ അബ്ദുൾ മാലിക്കും മറ്റ് ക്യാബിനറ്റ് അംഗങ്ങളും അടങ്ങിയ വിമാനം ഏദനിലെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടായത്. എല്ലാവരെയും ഉടനെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ താനും കൂടെയുള്ള അംഗങ്ങളും സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വിമാനത്താവളത്തിൽ നിന്നും മൂന്ന് മോർട്ടാർ ഷെല്ലുകൾ സുരക്ഷാ സേന കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.