മനാമ: കവയത്രിയും പരിസ്ഥിതി പ്രവർത്തകയും ആയിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു. രാത്രി മഴയിലൂടെ മലയാളികളെ തഴുകിയ ആ സ്പർശനം ഇനി ഉണ്ടാകില്ല എന്നത് നികത്താനാകാത്ത നഷ്ടം തന്നെയാണ്. സമൂഹവുമായി നിരന്തരം സംവാദങ്ങളിൽ ഏർപ്പെട്ടിരുന്ന കവയത്രി അഗതികളായ സ്ത്രീകൾക്കും മാനസിക രോഗികൾക്കും വേണ്ടി അശ്രാന്തം പരിശ്രമിച്ചിരുന്നു.
എഴുത്തച്ഛൻ പുരസ്കാരം നേടിയ കവയത്രി കേരളത്തിന്റെ പ്രകൃതി സംരക്ഷണത്തിൽ മുന്നിൽ നിന്നു നയിച്ചിരുന്നു. സൈലന്റ് വാലി പ്രക്ഷോഭത്തിലെ മുഖ്യ ഊർജ്ജമായിരുന്നു സുഗതകുമാരി ടീച്ചർ. ടീച്ചറുടെ വിയോഗം കേരളക്കരക്കു വിശിഷ്യാ മലയാള സാഹിത്യത്തിന് തീരാ നഷ്ടമായിരിക്കുകയാണെന്നു കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.