മനാമ: ഡിസംബർ 25 വെള്ളിയാഴ്ച മുതൽ ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലയെന്നും അടുത്തുള്ള ഹെൽത്ത് സെന്ററുകളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിനുവേണ്ടി മുമ്പ് ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരെ ഡിസംബർ 24 നകം വാക്സിനേഷനായി അവരുടെ രജിസ്ട്രേഷൻ വിശദാംശങ്ങളുമായി ബന്ധപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ പ്രമാണിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും അടക്കം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ വൈകുന്നേരം 6 മണി വരെ രാജ്യത്തെ എല്ലാ ഹെൽത്ത് സെൻറർ കളിലും വാക്സിനേഷൻ ലഭ്യമായിരിക്കും. ഇതിനായി ആരോഗ്യ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങൾ വാക്സിനേഷൻ സേവനങ്ങൾ മാത്രമേ നൽകുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.
18 വയസും അതിൽ കൂടുതലുമുള്ള എല്ലാ പൗരന്മാർക്കും താമസക്കാർക്കും വാക്സിനേഷൻ സൗജന്യമാണ്. സ്വയം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായി രാജ്യത്തെ പൗരന്മാരും താമസക്കാരും ദേശീയ വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമാക്കണമെന്ന് മന്ത്രാലയം അറിയിച്ചു.