സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യൻ താരങ്ങൾക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇന്ത്യൻ താരങ്ങൾ പിഴയായി അടയ്ക്കേണ്ടത്. നിശ്ചിത സമയത്ത് ഒരു ഓവർ പിറകിലായിരുന്നു ഇന്ത്യ. ഐസിസി മാച്ച് റഫറിമാരുടെ സമിതിയിലെ ഡേവിഡ് ബൂൺ ആണ് പിഴ ചുമത്തിയത്.
”ഐസിസി പെരുമാറ്റചട്ടങ്ങളിലെ 2.22 ആർട്ടിക്കിളിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള പിഴയെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത സമയത്ത് പൂർത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്താമെന്ന് വ്യക്തമാക്കുന്നുണ്ട്” ഐസിസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
‘ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വീഴ്ച സമ്മതിക്കുകയും നിർദേശിക്കപ്പെട്ട പിഴ അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് പ്രത്യേകം വാദം കേൾക്കേണ്ട കാര്യമില്ല. മത്സരം നിയന്ത്രിച്ച ഓൺഫീൽഡ് അമ്പയർമാരായ റോഡ് ടക്കറും സാം നൊഗാസ്കിയും ടിവി അമ്പയറായ പോൾ റഫേലും നാലാം അമ്പയറായ ജെറാഡ് അബൂദും പിഴവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്”- പ്രസ്താവനയിൽ പറയുന്നു.
സിഡ്നിയിൽ നടന്ന ആദ്യ ഏകദിനം നിശ്ചയിച്ചതിൽ നിന്നും ഒരു മണിക്കൂറോളം വൈകിയാണ് അവസാനിച്ചത്. രാത്രി 10.15ന് മത്സരം അവസാനിക്കുന്ന വിധത്തിലായിരുന്നു മത്സര സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ മത്സരത്തിലെ അവസാന പന്തെറിഞ്ഞ് കഴിഞ്ഞപ്പോൾ 11.10 ആയിരുന്നു. എട്ടരമണിക്കൂറോളം സമയമെടുത്ത് മത്സരം അവസാനിക്കാൻ.