മനാമ: ബഹറിനിലെ പ്രവാസികൾക്കിടയിൽ ജോലി നഷ്ടപ്പെട്ടതുകൊണ്ടും ആരോഗ്യ പ്രശ്നങ്ങൾ മൂലവും മറ്റു പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ടു കൊണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ബഹറിനിലെ പ്രമുഖ മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്സുമായി ചേർന്ന് സഹകരിച്ച് ഇന്ന് വെള്ളിയാഴ്ച 27 ആം തിയ്യതി “അവെയർനെസ്സ് ഓൺ വീൽസ്” എന്ന പേരിൽ ബോധവൽക്കരണ പരിപാടി നടത്തി.
ക്യാപ്റ്റൻ ഉമേഷ് ബാബുവിന്റെ നേതൃത്വത്തിൽ മറ്റു അഡ്മിൻ പ്രതിനിധികളായ അരുൺ, അജിത്, രഞ്ജിത്, പ്രസാദ്, നിതിൻ, അനീഷ്, വിൻസു എന്നിവർ ചേർന്ന് നിയന്ത്രിച്ച റൈഡ് ബഹറിനിലെ ഇന്ത്യൻ ക്ലബ്ബിൽ നിന്ന് പുറപ്പെട്ടു. ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) ചെയർമാൻ അരുൾദാസ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. ബാബു രാമചന്ദ്രൻ , ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ജോയിന്റ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ തുടങ്ങിയ മറ്റു ഐസിആർഎഫ് പ്രതിനിധികളും ഇന്ത്യൻ ക്ളബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് തുടങ്ങി മറു പ്രമുഖ വ്യക്തികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ബഹറിനിലെ വിവിധ ലേബർ ക്യാമ്പുകളിലേക്ക് പ്ലെഷർ റൈഡേഴ്സ് ഗ്രൂപ്പ് മോട്ടോർസൈക്കിൾ റൈഡ് നടത്തി ഓരോ ക്യാമ്പുകളിലും വസിക്കുന്ന അനേകം പ്രവാസി തൊഴിലാളികൾക്ക് ആത്മഹത്യാ പ്രവണത മറികടക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും അവർക്കു വേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ സഹായം ആവശ്യപ്പെടുന്നതിനുള്ള ഫോൺ നമ്പറുകളും ഈ ലഘുലേഖയിൽ ഉൾപ്പെടുത്തിയിരുന്നു. ഐസിആർഎഫ് സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ പ്ലെഷർ റൈഡേഴ്സ് ഗ്രൂപ്പ് അംഗങ്ങൾ ക്യാമ്പിൽ വിതരണം ചെയ്തു. ബോധവൽക്കരണം പ്രവാസി തൊഴിലാളികൾക്ക് വലിയ തോതിൽ ആശ്വാസമേകിയതായി ക്യാമ്പുകളിലെ പ്രതിനിധികൾ പിന്നീട് പ്രതികരിച്ചു.