കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡിസംബര്‍ 1 മുതല്‍ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ച മുതല്‍ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഫോറം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഔട്ട് പാസ് ലഭിച്ചവര്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. പകരം എംബസിയില്‍ എത്തി അവയുടെ കാലാവധി പുതുക്കിയാല്‍ മതിയാകും. അതേപോലെ നേരത്തെ ഔട്ട് പാസ് വാങ്ങിയവര്‍ അവരുടെ താമസരേഖ നിയമവിധേമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഔട് പാസ് തിരികെ വാങ്ങി അവര്‍ക്ക് പുതിയ പാസ്സ്പോര്‍ട്ട് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.