ഷാര്‍ജ: ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 39–ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള നവംബര്‍ 4 മുതൽ 14 വരെ ഷാർജ എക്സ്പോ സെന്ററില്‍ നടക്കും. ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിൽ നിന്ന് 1,024 പ്രസാധകർ പങ്കെടുക്കുമെന്ന് ബുക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി അറിയിച്ചു.ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തിലാണ് പ്രദർശനം നടക്കുന്നത്. സാംസ്കാരിക രംഗത്ത് നിന്ന് 60 വ്യക്തിത്വങ്ങൾ ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.
വെള്ളിയാഴ്ചകളിലൊഴിച്ച് രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഒരു സമയം 4000 മുതൽ 5000 വരെ സന്ദർശകർക്ക് നാലു സെഷനുകളിലായിട്ടാണ് പ്രവേശനം അനുവദിക്കുക. പ്രസാധകര് മുന്‍വര്‍ഷങ്ങളിലേത് പോലെ ഷാര്‍ജ എക്സ്പോ സെന്ററില്‍ തന്നെ അണിനിരക്കും. ഓൺലൈൻ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഓരോ സെഷൻ കഴിഞ്ഞാലും വീണ്ടും റജിസ്റ്റർ ചെയ്യണം. പുസ്തക പ്രേമികള്‍ക്ക് മേളയിൽ നേരിട്ടെത്തി പുസ്തകങ്ങള്‍ കാണുകയും സ്വന്തമാക്കുകയും ചെയ്യാം. സ്കൂൾ വിദ്യാർഥികൾക്ക് ഇപ്രാവശ്യം പ്രവേശനമില്ല.കോറോണയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളാണ് വേദിയിൽ ഒരുക്കുകയെന്ന് അൽ അമിരി പറഞ്ഞു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
എല്ലാ ഹാളുകളിലും സ്റ്റാളുകളിലും 11 ദിവസവും അഞ്ച് മണിണിക്കൂർ അണുനശീകരണം നടത്തും.സന്ദർശകർ കർശനമായി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചു. സന്ദർശകരെയും പ്രസാധകരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിക്കും. ഇന്ത്യയിൽ നിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എംപി, യുവ ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റ് രവീന്ദർ എന്നിവർ ഓൺലൈനിലൂടെ പങ്കെടുക്കും. കൂടാതെ, മാൻ ബുക്കർ ജേതാവും ലൈഫ് ഓപ് പൈ എന്ന വ്യഖ്യാത നോവലിന്റെ രചയിതാവും കനേഡിയൻ എഴുത്തുകാരനുമായ യാൻ മാർടൽ,എഴുത്തുകാരിയും സോഷ്യൽ മീഡിയാ സെൻസേഷനുമായ ലാൻഗ് ലീവ്, ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ മാക് ഇവൻ തുടങ്ങിയവർ പുസ്തകോത്സവത്തിന്റെ ഭാഗമാകും.